English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Books

Deuteronomy Chapters

1 സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു:
2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ് ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.
3 നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു.
4 ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം
5 യോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ:
6 ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.
7 തിരിഞ്ഞു യാത്രചെയ്തു അമോർയ്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ.
8 ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ.
9 അക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല.
10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു.
11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12 ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
13 അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.
14 അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.
15 ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കു അധിപതിമാർ, നൂറുപേർക്കു അധിപതിമാർ, അമ്പതുപേർക്കു അധിപതിമാർ, പത്തുപേർക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.
17 ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീർക്കും
18 അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.
19 പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ടഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോർയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.
20 അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോർയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
21 ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.
22 എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
23 ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
24 അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
25 ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
26 എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.
27 യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
28 എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.
29 അപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.
30 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.
31 ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.
32 ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും
33 രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34 ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:
35 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
36 യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
37 യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.
38 നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
39 കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.
40 നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ.
41 അതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.
42 എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.
43 അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി.
44 ആ പർവ്വതത്തിൽ കുടിയിരുന്ന അമോർയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹൊർമ്മാവരെ ഛിന്നിച്ചുകളഞ്ഞു.
45 നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.
46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.
×

Alert

×